Actor Dileep got Bail

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചു

 

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഇനി പുറത്തിറങ്ങാം. ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല തീരുമാനമാണ് എടുത്തത്. കഴിഞ്ഞയാഴ്ച ജാമ്യഹര്‍ജിയില്‍ വാദവും പ്രതിവാദവും പൂര്‍ത്തിയായിരുന്നു. നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഇത്തവണ ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെളിവ് നശിപ്പിക്കരുതെന്ന ഉപാധിയാണ് കോടതി പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം.
അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകാന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോര്‍ട്ട കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ദിലീപിന് അതുകൊണ്ട് തന്നെ വീണ്ടും അഭിനയ ലോകത്ത സജീവമാകാം. ദിലീപിനെതിരെ കുറ്റപത്രം കൊടുക്കാന്‍ വൈകിയതാണ് തുണയായതെന്നാണ് വിലയിരുത്തല്‍.
അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ നടന് ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. അങ്ങനെയാണ് ജാമ്യം കിട്ടുന്നത്. ഇതോടെ ദിലീപിന് ഉടന്‍ ആലുവ ജയിലില്‍ നിന്ന് പുറത്തുവരാന്‍ കഴിയും. രാമലീല സിനിമയുടെ വിജയത്തിനും കരുത്ത് പകരുന്നതാണ് കോടതി വിധി. ജയിലില്‍ നിന്ന് ഇറങ്ങുന്ന ദിലീപിന് വമ്ബന്‍ സ്വീകരണം ഒരുക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിയുന്ന ഒരാള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്.
എന്നാല്‍ ഈ സമയപരിധി അവസാനിക്കുന്നതിന് മുന്‍പെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് വീണ്ടും ജയിലില്‍ തുടരേണ്ടി വരുമന്ന വിലയിരുത്തലുണ്ടായിരുന്നു. പിന്നെ കേസിന്റെ വിചാരണ പൂര്‍ത്തിയായാല്‍ മാത്രമേ ജാമ്യത്തിന് സാധ്യതയുള്ളൂ. അതുകൊണ്ട് കൂടിയാണ് ഇന്ന് ജാമ്യം കിട്ടിയത് നടന് തുണയാകുന്നത്. കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ദിലീപിന് ജാമ്യം കിട്ടുമായിരുന്നില്ല. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് ദിലീപ് മൂന്നാം തവണ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്.
നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇതിനിടയില്‍ ഹൈക്കോടതിയില്‍ മൂന്ന് തവണയും വിചാരണകോടതിയില്‍ രണ്ടു തവണയും താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ കേവലം രണ്ടു മണിക്കൂര്‍ നേരത്തേക്ക് താരം ജയിലില്‍ നിന്നും മോചിതനായിരുന്നു.

Courtesy : Marunaadan Malayali