Mohalal – His Unlimate Answer for all your Questions

‘Mohanlal’ – The ultimate Answer for all your Troublsome questions. A special article about Sajid yahiya

ബഹുമാന്യനായ കലവൂർ രവികുമാർ ചേട്ടൻ വായിക്കാൻ ചേട്ടൻ മാധ്യമങ്ങളിൽ ‘കള്ളനെന്നും’ ,’ചതിയനെന്നും ‘വിളിച്ച പുതുമുഖ സംവിധായകൻ സാജിദ് യഹിയ എന്ന അനുജൻ എഴുതുന്നത്……

കഴിഞ്ഞ രണ്ടു കൊല്ലങ്ങൾക്ക് മുകളിലായി മോഹൻലാൽ എന്ന സിനിമയുടെ പുറകെയുള്ള ഓട്ടത്തിലാണ് ഞാൻ. ഏതാണ്ട് അത്രയും നാളുകളായി കലവൂർ രവിചേട്ടനും എന്റെ പുറകെയുണ്ട്. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത(പിന്നീട് ഈ ആരോപണം വന്നപ്പോൾ വായിച്ചു )മൂന്ന് പേജിൽ താഴെയുള്ള അദ്ദേഹത്തിന്റെ കഥ മോഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഒരിക്കലും കണ്ടിട്ടിലാത്ത, ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടില്ലാത്ത(ഒരുപാട് തവണ ഞങ്ങളുടെ സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കാമെന്ന് പറഞ്ഞിട്ടും ചേട്ടൻ സമ്മതിച്ചില്ല) ‘മോഹൻലാൽ ‘ എന്ന എന്റെ സിനിമ ഞാൻ ഉണ്ടാക്കിയിരിക്കുന്നതത്രെ!
ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയിൽ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോൾ , ഈ സിനിമയുടെ തിരക്കഥ പോലും വായിച്ചുനോക്കാതെ ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ ആളാണ് ചേട്ടൻ.പിന്നീട് ഫെഫ്കയിലുള്ള ഞാൻ ബഹുമാനിക്കുന്ന, പുതുമുഖങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ബി.ഉണ്ണികൃഷ്ണൻ സാറിനെ പോലുള്ള ആളുകളുടെ അധ്യക്ഷതയിൽ എടുത്ത തീരുമാനത്തിലാണ് അദ്ദേഹത്തിന് ഒരു ‘അർഹിക്കാത്ത നന്ദി’ കൊടുക്കാം എന്ന് ഞങ്ങൾ തീരുമാനിക്കുന്നത്! അത് ഫെഫ്കയോടുള്ള ബഹുമാനം ഒന്ന് കൊണ്ട് മാത്രമായിരുന്നു എന്ന് ചേട്ടൻ ഓർക്കണം …
പക്ഷെ ഇപ്പോൾ സിനിമ റിലീസാകുന്ന ഈ സമയത്തിൽ ‘ആർക്കു വേണെമെടാ നിന്റെ ഒക്കെ നന്ദി ‘എന്നാണ് ചേട്ടൻ പറയുന്നത് .നന്ദി വേണ്ടാത്ത ചേട്ടന് വേണ്ടതോ മോഹൻലാൽ എന്ന സിനിമയുടെ കളക്ഷന്റെ 25 ശതമാനവും!

ഫെഫ്കയിൽ പിന്നീട് ചർച്ചക്ക് വിളിപ്പിച്ചപ്പോൾ, അവിടെയുള്ള മുതിർന്ന, ഞാൻ ബഹുമാനിക്കുന്ന സിനിമ പ്രവർത്തകരോട് ചേട്ടൻ പറഞ്ഞത് ഞാൻ കഥ കോപ്പി അടിച്ചിട്ടില്ലായെന്നും ഇനി ഈ കോൺസെപ്റ്റിൽ ചേട്ടന് വേറൊരു സിനിമ ചെയ്യുവാൻ കഴിയില്ല എന്നുമാണ്.
പത്ത് കൊല്ലത്തിന് മുന്നേ എഴുതിയ കഥയിൽ ചേട്ടന് സിനിമ ചെയ്യാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല!!! എങ്കിലും ഇതേ കോൺസെപ്റ്റിൽ ഇനിയും അദ്ദേഹത്തിന് സിനിമ ചെയ്യാൻ കഴിയുമെന്ന് ഞാൻ പറഞ്ഞു, കാരണം ഞങ്ങളുടെ കഥയും രവി ചേട്ടന്റെ കഥയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതുകൊണ്ട് തന്നെ.

അക്ഷരങ്ങൾ കൊണ്ട് ജീവിക്കുന്ന ആളെന്ന നിലയിൽ ആ അക്ഷരങ്ങളെ തൊട്ട് സത്യം ചെയ്ത് പറയാമോ ഇതൊക്കെ കള്ളം ആണെന്ന്!!!
യഥാർത്ഥത്തിൽ നടന്നത് ഇതല്ലേ ചേട്ടാ …

ഇനി ഇതുകൂടി കേൾക്കണം-
ഇൻസ്‌പെക്ടർ ബൽറാമിന്റെ കഥ എന്താണ്!
പോലീസ് ഉദ്യോഗസ്ഥനായ ബൽറാം സമൂഹത്തിൽ ഉന്നതർ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് എതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം. ഓക്കേ ..ഇനി കമ്മിഷണർ എടുക്കാം അതിന്റെ കഥ ഭരത് ചന്ദ്രൻ IPS സമൂഹത്തെ ചൂഷണം ചെയ്യുന്ന ഇവിടുത്തെ ഉന്നതന്മാർക്കെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടം!
അപ്പോൾ ടി ദാമോദരന്റെ കഥയാണ് രഞ്ജി പണിക്കർ മോഷിടിച്ചിരിക്കുന്നത് എന്ന് കലവൂർ രവികുമാർ ചേട്ടൻ പറയുമോ?
അങ്ങനെ ആണെങ്കിൽ ചേട്ടൻ അടുത്തതായി കേസ് കൊടുക്കേണ്ടത് സാക്ഷാൽ സ്റ്റീവൻ സ്പിൽബെർഗിന് എതിരെയാണ്. കാരണം ‘ദി പോസ്റ്റ്’ എന്ന പേരിൽ സ്പിൽബെർഗ് ഈയടുത്ത് ഇറക്കിയ ചിത്രം ചേട്ടന്റെ ‘സ്വ ലെ’യുമായി നല്ല സാമ്യം ഉള്ളതായി എനിക്ക് തോന്നുന്നുണ്ട് ! കാരണം രണ്ടിന്റെയും ‘കഥ’ മാധ്യമപ്രവർത്തകർ ഒരു വാർത്ത കൊടുക്കാൻ പുറപ്പെടുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തന്നെയാണല്ലോ!

1971 ജനുവരി ഒന്നിന് ഇറങ്ങിയ ‘ഗുഡ്‌ഡി’ എന്ന ഹിന്ദി സിനിമയിൽ ധർമേന്ദ്രയെ ഇഷ്ടപെടുന്ന ജയാ ബച്ചന്റെ കഥയാണ് പറയുന്നത് സ്ത്രീകളുടെ താരാരാധനയുടെ കഥ പറയുന്ന, ശ്രീദേവി, കമൽ ഹസ്സൻ എന്നിവർ അഭിനയിച്ച ‘സിനിമ പൈത്യം’ത്തിന്റെ ആശയവും ഇതുതന്നെ
ഇതേ ആശയം കോപ്പി അടിച്ചിട്ടാണ് രവി ചേട്ടൻ ‘മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് ‘ എന്ന കഥ എഴുതിയത് എന്ന് ഞാൻ പറഞ്ഞാൽ ചേട്ടന് എന്ത് തോന്നും? വലിയ ബാനറും അഭിനേതാക്കളും ഉണ്ടായിരുന്ന ‘ജോർജ് ഏട്ടൻസ് പൂരം’, ‘രക്ഷാധികാരി ബൈജു’ എന്നീ സിനിമകൾക്കെതിരെ ചേട്ടൻ കേസ് കൊടുത്തിട്ട് എന്തായി?
ഇങ്ങനെ പലർക്കും എതിരെ കേസ് കൊടുക്കുന്നതിൽ ചേട്ടന് ഒരു രസം ഒക്കെ ഉണ്ടാവും. പക്ഷെ മുറിവേൽക്കുന്നത് വർഷങ്ങൾ ആയി സിനിമ സ്വപ്നം കണ്ട് നടക്കുന്നവന്റെ മനസ്സിനാണ്. അത് മനസിലാക്കുവാൻ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ചേട്ടന് കഴിയുമെന്ന് ഞാൻ കരുതുന്നു. എന്തായാലും കോടതിയുടെ പരിഗണനയിൽ ആണല്ലോ ഈ വിഷയം. കോടതിയിലും നീതി ന്യായ വ്യവസ്ഥയിലും എനിക്ക് പൂർണ വിശ്വാസം ഉണ്ട് . കാരണം ചേട്ടന് ഇപ്പോഴും എന്റെ സിനിമയുടെ കഥ എന്താണ് എന്ന് പൂർണമായും അറിയില്ല എന്നത് കൊണ്ട് തന്നെ

ഇതെല്ലം കണ്ടും കെട്ടും വായിച്ചും അറിഞ്ഞും സിനിമയെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ ഇവിടെയുണ്ട്.
എന്നെ കള്ളനെന്നും ചതിയനെന്നും വിളിച്ചതിൽ എനിക്ക് സങ്കടം ഇല്ല. കാരണം , അത് തെറ്റായിരുന്നു എന്ന് കോടതിയും ,കാലവും തെളിയിക്കുമ്പോൾ ചേട്ടന് ബോധ്യപ്പെടും. എന്തായാലും ഒരു കാര്യത്തിൽ നമ്മൾ തമ്മിൽ സാമ്യം ഉണ്ട്, അതിൽ എനിക്ക് സന്തോഷവും ഉണ്ട് . കാരണം നമ്മൾ രണ്ടും മോഹൻലാൽ ആരാധകർ ആണ് . യഥാർത്ഥ മോഹൻലാൽ ആരാധകൻ ആരാണെന്ന് വിഷു കഴിയുമ്പോൾ ജനങ്ങൾ തീരുമാനിച്ചോളും ചേട്ടാ
നന്ദിയോടെ
സാജിദ് യഹിയ