Njan Prakashan Review | Malayalam | Fahad Fazil |

Njan Prakashan is an excellent family movie to enjoy in theaters. Its a funfilled movie experience for audience of all ages.

◀ഞാൻ പ്രകാശൻ▶

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, ഫഹദ് ഫാസിൽ, നിഖില വിമൽ തുടങ്ങി പ്രതീക്ഷ നൽകുന്ന കുറച്ച് പേരുകൾ തന്നെ ആയിരുന്നു ആദ്യദിനം ചിത്രം കാണാനുള്ള പ്രേരണ. ഒരു സാധാരണ സത്യൻ അന്തിക്കാട് ചിത്രം പോലെ തന്നെ, ഭൂരിഭാഗം മലയാളികളെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള ഒരു സാധാരണ കഥ തന്നെയാണ് ഇത്തവണയും, നാട്ടിൻപുറത്തിന്റെ നന്മകളും കുറച്ച് സാരോപദേശങ്ങളും ആവശ്യത്തിന് തമാശകളും ഒക്കെയുള്ള ഒരു കൊച്ചു ചിത്രം.

നേഴ്സിംഗ് പൂർത്തിയാക്കി ജോലിക്കൊന്നും പോവാതെ നാട്ടിൽ തേരാപാരാ നടക്കുന്ന പ്രകാശൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സലോമി, ഗോപാൽജി, ടീന, ശ്രുതി തുടങ്ങിയ കഥാപാത്രങ്ങൾ എങ്ങനെ മാറ്റങ്ങൾ വരുത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയ പരിസരം. പതിവ് ശ്രീനിവാസൻ ചിത്രങ്ങൾ പോലെ ആക്ഷേപ ഹാസ്യങ്ങളും കുറിക്ക്‌ കൊള്ളുന്ന നർമവും ആവോളം കഥയിൽ ഉണ്ട്, അത് തന്നെയാണ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്ന പ്രധാന ഘടകവും, സത്യൻ അന്തിക്കാടിന്റെ അവതരണ മികവിനെ പറ്റി പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യം ഇല്ലല്ലോ.

ഫഹദ് ഫാസിലിന്റെ അഭിനയം പതിവ് പോലെ ഒരു രക്ഷയും ഇല്ല, കണ്ടിരിക്കാൻ തന്നെ ഒരു രസമായിരുന്നു, ട്രൈലെർ കണ്ട് പുള്ളിയെ വിമർശിച്ചവർ എത്രയും പെട്ടന്ന് ടിക്കറ്റ് എടുക്കുക. നിഖില വിമൽ, ശ്രീനിവാസൻ, കെ പി എ സി ലളിത തുടങ്ങിയ മറ്റു അഭിനേതാക്കളും അവരുടെ വേഷം ഭംഗിയാക്കി. അഞ്ജു കുര്യൻ പടത്തിൽ ഉണ്ടെന്ന് ഇപ്പഴാണ് അറിഞ്ഞത്, ചെറിയ റോൾ ആണെങ്കിലും കൊള്ളാം. ഷാൻ റഹ്മാന്റെ മ്യൂസിക്, ഛായാഗ്രഹണം തുടങ്ങിയ സാങ്കേതിക വശങ്ങളും തൃപ്തികരം.

സത്യൻ അന്തിക്കാടിനും ശ്രീനിവാസനും കഴിഞ്ഞ കുറച്ച് മോശം ചിത്രങ്ങൾക്ക് ശേഷമുള്ള ഗംഭീര തിരിച്ചുവരവ്. ഫഹദ് ഫാസിലിനും നിഖിലയ്ക്കും ഇൗ വർഷം ഒരു ഹിറ്റ് കൂടി. കുടുംബമായി ആസ്വദിച്ച് കണ്ടിരിക്കാൻ പറ്റിയ പടം, തീയേറ്ററിൽ ഓടും എന്ന് ഉറപ്പുള്ള പടം.

Rating : 3.5/5
Credits : GiNeesh Pg

75%
Awesome
  • Neram Rating