Kaattu Malayalam Movie Review

Kaattu Movie Review

അരുൺ കുമാർ അരവിന്ദ് എന്ന സംവിധായകന്റെ നല്ലൊരു സൃഷ്ടിയാണ് കാറ്റ്‌ എന്ന ഈ ചിത്രം. ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ 40 മിനുറ്റാണ്. എന്നാൽ ലാഗിംഗ് ആയോ ബോറടിപ്പിക്കുന്ന രീതിയിലോ ചിത്രം കഥ പറയുന്നില്ല. മലയാള സിനിമയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരുന്നല്ലോ ധാരാളം സിനിമകൾ ഇറങ്ങിയിരുന്ന കാലത്തെ ഓർമിപ്പിക്കുന്ന ഈ ചിത്രം വളരെ നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്.

പത്മരാജൻ എഴുതിയ റാണിമാരുടെ കുടുംബം എന്ന കൃതിയെ ആധാരമാക്കി സൃഷ്‌ടിച്ച ഈ സിനിമയിൽ ചെല്ലപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കുന്നു. അതിഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിരിക്കുന്നത്. ചെല്ലപ്പൻ എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരച്ചിടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.സമയമെടുത്തു അയാൾ ഇത്തരക്കാരനാണ്, ഇങ്ങനെയേ പെരുമാറൂ എന്നൊക്കെ വ്യക്തമായി നമ്മളോട് പറയുന്നുണ്ട്. ഒരുപക്ഷേ സമയക്കൂടുതൽ എടുത്തത് ഇതിനൊക്കെയാകാം.

നൂഹ്കണ്ണ് എന്ന കഥാപാത്രമായി ആസിഫ് അലി വളരെ മിതത്വത്തോടെ, ഗംഭീരമായി തനിക്ക് കിട്ടിയ റോൾ ചെയ്തിട്ടുണ്ട്.ആസിഫിന്റെ ഈ കഥാപത്രവും അവസാനമുള്ള ചിരിയും സിനിമ കഴിഞ്ഞാലും മനസ്സിൽ തങ്ങിനിൽക്കും. തുടർന്നും ഇത്തരത്തിലുള്ള നല്ല സിനിമകളുടെ ഭാഗമാകാൻ ആസിഫിന് കഴിയട്ടെ എന്നാശംസിക്കുന്നു.

ഉണ്ണി P ദേവ് എന്ന നടന്റെ നല്ല പ്രകടനവും നമുക്ക് കാണാം…പോളി എന്ന കഥാപാത്രവും ആരും മറക്കാൻ ഇടയില്ല. വാറ്റു ചാരായം രുചിക്കുന്ന ഒരു സീനുണ്ട്.പക്കാ ഒറിജിനാലിറ്റി ആയിരുന്നു മുഖത്ത്. അടിച്ചത് ഒറിജിനൽ ആണോ എന്നൊക്കെ തോന്നിപോകും. വാറ്റു നിയമവിരുദ്ധം ആയ സ്ഥിതിക്ക് ഒറിജിനൽ ആവുമോ?? ആ.. എന്തായാലും കിടിലൻ പ്രകടനം ആയിരുന്നു.

നായികമാരായ വരലക്ഷ്മിയും മാനസയും ചെറിയ സ്ക്രീൻ സ്പേസ് ആയിരുന്നു എങ്കിലും നന്നായി ചെയ്തിട്ടുണ്ട്. വരലക്ഷ്മിയുടെ ഡയലോഗ് ഡെലിവറി ഒരുപാട് ഇഷ്ടമാണ്.ഇതിൽ ഭാഷ തമിഴ് ആയതിനാൽ സ്വന്തം ശബ്ദം തന്നെ ആയിരുന്നു. പക്വതയോടെ തന്റെ വേഷം നന്നായി ചെയ്തു.

സംഭാഷണങ്ങൾ ഗംഭീരമാണ്. തേനീച്ചക്കൂട്ടിലെ റാണിയെ പറ്റി മുരളി ഗോപി പറയുന്ന രംഗം ഹൈലൈറ്റു ആയി തോന്നി. എനിക്ക് ഒരു മകനേയുള്ളൂ…അതു നീയാണ് എന്നൊക്കെയുള്ള മനസ്സിനെ സ്പർശിക്കുന്ന ഒരുപാട് സംഭാഷണശകലങ്ങളാൽ സമ്പന്നമാണ് ചിത്രം.

എന്ത് നടക്കും എന്നുള്ള ആകാംക്ഷയും ടെൻഷനും വർധിപ്പിക്കുന്നതിൽ പാശ്ചാതല സംഗീതം നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. നീണ്ട ക്ലൈമാക്സ്‌ ഷോട്ടിൽ ഗംഭീര BGM ആയിരുന്നു. അവസാനത്തെ ഫൈറ്റും നന്നായിരുന്നു.

മനോഹരമായ ചിത്രം. എല്ലാ മേഖലകളും ഒരേ പോലെ ഗംഭീരമായ മനസ്സിനെ സ്പർശിക്കുന്ന ഒരു സിനിമ. നമ്മുടെ യുവനടന്മാർ മിടുക്കന്മാരാണ്.അവർ നല്ല നല്ല ചിത്രങ്ങളിൽ പങ്കാളികളാകുന്നു. അവർക്കുള്ള പ്രോത്സാഹനം കൃത്യമായി നാം നൽകിയാൽ ഇതുപോലുള്ള നല്ല ചിത്രങ്ങൾ ഇനിയും സംഭവിക്കും. കാണുക..ആസ്വദിക്കുക..പ്രോത്സാഹിപ്പിക്കുക.

80%
Awesome
  • Neram Rating